പാലക്കാട്:അര്‍ധരാത്രി ഹോട്ടല്‍ മുറിയിലെത്തി പൊലീസ് നടത്തിയ പരിശോധന താന്‍ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അര്‍ധരാത്രിയിലുണ്ടായ പരിശോധന രാഷ്ട്രീയപ്രേരിതമെന്ന ആരോപണവുമായി ഷാനിമോള്‍ ഉസ്മാന്‍. സിപിഐഎം അറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിയെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു രേഖയും പൊലീസ് കാണിച്ചില്ലെന്നും ഷാനിമോള്‍ പറയുന്നു. തന്റെ മുറി എപ്പോള്‍ തുറക്കണം എന്ന് തീരുമാനിക്കുന്നത് താന്‍ ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷാനിമോള്‍ ആദ്യം മുറി തുറക്കാതിരുന്നത് കള്ളപ്പണം ഒളിപ്പിക്കാനാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ അസമയത്ത് വന്നാണോ തിരഞ്ഞെടുപ്പിന്റെ കാര്യം ചോദിക്കേണ്ടതെന്നും സ്ത്രീകളുടെ മുറിയില്‍ പരിശോധനയ്ക്ക് ഒരു വനിതാ പൊലീസെങ്കിലും വേണ്ടേ എന്നും ഷാനിമോള്‍ ചോദിക്കുന്നു. യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നുവെന്നും നിയമപരമായി തെറ്റാണെന്ന് പറഞ്ഞിട്ടും വനിതാ പൊലീസ് പരിശോധന നടത്തിയെന്നും, മുഴുവന്‍ റൂമും ഇളക്കിമറിച്ചെന്നും ഷാനിമോള്‍ പറയുന്നു.
പരിശോധനയില്‍ ഒന്നും ലഭിച്ചില്ലെന്ന കാര്യം രേഖാമൂലം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വിസമ്മതിക്കുകയാണുണ്ടായത്. എന്നാല്‍ അവ ലഭിക്കാതെ പൊലീസുകാരെ പോകാന്‍ സമ്മതിക്കില്ലെന്നായിരുന്നു തങ്ങളുടെ നിലപാടെന്നും ഷാനിമോള്‍ പറഞ്ഞു. എന്നിട്ടും കൃത്യമായ വിവരങ്ങള്‍ പൊലീസ് എഴുതിയില്ലെന്നും എന്തുകൊണ്ട് എന്റെ പേര് എഴുതുന്നില്ല എന്ന് ചോദിച്ചപ്പോള്‍ പൊലീസ് മറുപടി നല്‍കിയില്ലെന്നും അവര്‍ ആരോപിക്കുന്നു.