തൃശൂര്‍: തനിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു. തൃശ്ശൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തിരൂര്‍ സതീഷിനെ ഇറക്കാന്‍ ആന്റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്ന് ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ആന്റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
തിരൂര്‍ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്റെ വീടല്ല തന്റെ ചേച്ചിയുടെ വീടാണ് ഫോട്ടോയില്‍ കാണുന്നത്. ഒന്നര- രണ്ട് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സതീഷ് കൊണ്ടുവന്നതെന്നും ശോഭ പറഞ്ഞു.