ഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ ദമ്പതിമാരെയും മകളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂവരെയും കൊലപ്പെടുത്തിയത് ദമ്പതിമാരുടെ ഇരുപതുവയസ്സുകാരനായ മകന്‍ അര്‍ജുനാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു.
സൗത്ത് ഡല്‍ഹിയിലെ നെബ്സരായിയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23) എന്നിവരെയാണ് വീട്ടില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റെയും 27-ാം വിവാഹവാര്‍ഷികദിനമായ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ദമ്പതിമാരുടെ മകന്‍ അര്‍ജുന്‍ പോലീസിനോട് പറഞ്ഞിരുന്നത്. താന്‍ പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തുകയും അര്‍ജുനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.
പിതാവില്‍നിന്ന് അവഹേളനം നേരിട്ടതും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.