തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിനായി ബി.ജെ.പി. ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള വഴി തെളിഞ്ഞു. ഒരു മാസം മുന്‍പ് കളഞ്ഞ താടി സുരേഷ് ഗോപി വീണ്ടും വളര്‍ത്തിത്തുടങ്ങിയിട്ടുമുണ്ട്. സിനിമാ അഭിനയമാണ് വരുമാനമാര്‍ഗമെന്നും, ഒറ്റക്കൊമ്പന്‍ അടക്കം നിരവധി സിനിമകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടായിരുന്നില്ല.
ഒറ്റക്കൊമ്പന്‍ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തില്‍ താടിയും സുരേഷ് ഗോപി വളര്‍ത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു.
ചിത്രീകരണം തിരുവനന്തപുരത്താണ്. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29-നാണ് തുടങ്ങുക. ജനുവരി അഞ്ചുവരെയാണ് അനുമതി.