തിരുവനന്തപുരം: എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ഒരു കുറ്റവാളിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആ നിലപാടിനോട് യോജിച്ചതാണ് ഇടതുമുന്നണിയുടെയും നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളി ആണെങ്കില്‍ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രിയും അത് വ്യക്തമാക്കിയിരുന്നതായും സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയല്ല ഉണ്ടാവേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട ഫയല്‍ വച്ചുതാമസിപ്പിച്ചിട്ടില്ലെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ കൃത്യതയോടെ കൂടി നടപ്പിലാക്കും. വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരട്ടെയെന്നും അപ്പോഴേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിഷയത്തില്‍ വ്യക്തത വരൂവെന്ന് അദ്ദേഹം പറഞ്ഞു.