കോട്ടയം: തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.
തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ ചേര്‍ന്ന് വൈക്കം ബീച്ച് മൈതാനത്തെത്താണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ നേതൃത്വത്തിലുള്ള വൈക്കം സത്യഗ്രഹ ശതാബ്ദി വാര്‍ഷികാചരണത്തിന്റെ ഔദ്യോഗിക സമാപനവുംകൂടിയാണിത്.
തന്തൈ പെരിയാറും ഭാര്യ നാഗമ്മയും പുതുലോകത്തിന്റെ വഴികാട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
1985-ല്‍ കേരള സര്‍ക്കാര്‍ വൈക്കം വലിയ കവലയില്‍ നല്‍കിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാര്‍ സ്മാരകം പണിയാന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എംജിആര്‍ തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മന്ത്രി ഡോ. നാവലര്‍ വി.ആര്‍. നെടുഞ്ചെഴിയന്‍ തറക്കല്ലിട്ടു. 1994-ല്‍ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതല്‍മുടക്കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നവീകരിച്ചത്.
