പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയും. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ഹരിതയുടെ പിതാവ് പഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ക്കാണ് പാലക്കാട് ജില്ല ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. വിനായക് റാവു ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി സുരേഷിനും രണ്ടാം പ്രതി പ്രഭുകുമാറിനും കോടതി ചുമത്തിയത്. പിഴത്തുക ഹരിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
2020 ഡിസംബര്‍ 25ന് വൈകീട്ട് ആറോടെ മാനാംകുളമ്പ് സ്‌കൂളിനു സമീപത്താണ് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ് പിള്ള സമുദായാംഗമായ ഹരിതയും കൊല്ല സമുദായാംഗമായ അനീഷും തമ്മിലുള്ള പ്രണയവിവാഹം കഴിഞ്ഞ് മൂന്നു മാസം തികയവേ ആയിരുന്നു കൊലപാതകം. ജാതിയിലും സമ്പത്തിലും താഴ്ന്ന നിലയിലുള്ള അനീഷ് മകളെ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമായത്