തൃശ്ശൂര്‍: തൃശ്ശൂര്‍ നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. യാത്രക്കിടയില്‍ ഡ്രൈവറുമൊത്ത് തുടര്‍ച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയില്‍ മയങ്ങിപ്പോയെന്നുമാണ് ക്ലീനര്‍ അലക്സിന്റെ മൊഴി.
മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്ന് ക്ലീനര്‍ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ രക്ഷപെടാന്‍ നോക്കിയെന്നുമാണ് ക്ലീനര്‍ അലക്സിന്റെ കുറ്റസമ്മത മൊഴി. വൈകിട്ട് 5 മണിക്കാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. മാഹിയില്‍ നിന്ന് മദ്യം വാങ്ങി. യാത്രക്കിടയില്‍ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവര്‍ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനര്‍ വണ്ടിയോടിച്ചത്.
കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. മനഃപൂര്‍വ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ രണ്ട് ദിവസത്തിനകം കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 3.50 നാണ് തൃശ്ശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്ന നാടോടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.സംഭവത്തില്‍ അഞ്ച് പേര് മരിച്ചു.പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന നാടോടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.