കൊച്ചി: പോലീസിന്റെ നിയന്ത്രണത്തെക്കാളുപരി ബി.ജെ.പി. നേതാക്കളുമായി തിരുവമ്പാടി ദേവസ്വം നടത്തിയ ഗൂഢാലോചനയാണ് തൃശ്ശൂര്‍ പൂരത്തെ അലങ്കോലമാക്കിയതെന്ന് കുറ്റപ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.
പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരില്‍ തിരുവമ്പാടി വിഭാഗം ബഹിഷ്‌കരണ നീക്കം നടത്തിയെന്നും ഗതാഗത നിയന്ത്രണമുള്ളയിടത്തേക്ക് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആംബുലന്‍സിലെത്തിയതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി ബിന്ദു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.പൂരം അലങ്കോലമാക്കാനുള്ള പ്രവൃത്തികള്‍ വരുംവര്‍ഷങ്ങളിലും ഉണ്ടാകാമെന്നും അതിനാല്‍ പൂരത്തിന്റെ നടത്തിപ്പിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ബിന്ദു സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15 വരെ വൈകിപ്പിച്ചത് തിരുവമ്പാടി ദേവസ്വമാണ്. പൂരം അലങ്കോലമാക്കി ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വാധീമുണ്ടാക്കാനുള്ള ബി.ജെ.പി. നേതാക്കളുടെ നീക്കത്തെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്നു സംശയമുണ്ട്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. അനീഷ്‌കുമാര്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, വത്സന്‍ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നു.ബി.ജെ.പി.യുടെ ലോക്സഭാ സ്ഥാനാര്‍ഥി സുരേഷ് ഗോപി പൂരം അലങ്കോലമായതായി പ്രചരിപ്പിക്കുകയും താനിടപെട്ട് പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാര്‍ത്തകള്‍ നല്‍കുകയും ചെയ്‌തെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
പൂരം കലക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്.