ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ രാജ്യദ്രോഹക്കുറ്റമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാര്‍ഥി ആക്ടിവിസ്റ്റ് ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചു.കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.ഡിസംബര്‍ 28 മുതല്‍ ജനുവരി 3 വരെയുള്ള ഏഴ് ദിവസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയുമായോ വ്യക്തിയുമായോ ഉമര്‍ ഖാലിദ് ബന്ധപ്പെടരുത് എന്നതാണ് ഇടക്കാല ജാമ്യ വ്യവസ്ഥകള്‍. ഇടക്കാല ജാമ്യ കാലയളവില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുതെന്നും ഉമര്‍ ഖാലിദിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട് .

കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാന്‍ പാടുള്ളു, സ്വന്തം വീട്ടിലോ വീട്ടിലോ വിവാഹ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളിലോ മാത്രമേ താമസിക്കാന്‍ പാടുള്ളു , 2025 ജനുവരി മൂന്നിന് വൈകുന്നേരം ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഉമര്‍ ഖാലിദ് സ്വയം കീഴടങ്ങണം എന്നിവയാണ് മറ്റ് ഇടക്കാല ജാമ്യ വ്യവസ്ഥകള്‍

ജാമ്യമോ വിചാരണയോ ഇല്ലാതെ 2020 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ഉമര്‍ ഖാലിദ്. 53പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയെ ഡല്‍ഹി പോലീസി?ന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങളുടെ പരിധിയില്‍വരുന്ന കുറ്റങ്ങള്‍ക്ക് പോലും ജാമ്യം നല്‍കാമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ജാമ്യം തേടി നിരവധി തവണ ഖാലിദ് ഒന്നിലധികം കോടതികളെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *