തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടാന്‍ നിര്‍ദേശം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റാണ് നിര്‍ദേശം നല്‍കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഉള്‍പ്പടെ, കോളേജില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടി.
ഈയിടെ ഭിന്നശേഷിക്കാരനായ ബിരുദവിദ്യാര്‍ഥി മുഹമ്മദ് അനസിനെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി ഓഫീസില്‍ വെച്ച് ബന്ദിയാക്കി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ എസ്.എഫ്.ഐക്കെതിരായ പരാതി സിപിഎം നേതൃത്വത്തിന് മുന്‍പിലും എത്തി. ഇതോടെയാണ് കര്‍ശന നടപടിയിലേക്ക് പാര്‍ട്ടി കടന്നത്.