തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനൂജയാണ് കഴിഞ്ഞദിവസം വൈകുന്നേരം മരിച്ചത്.
അപകടത്തിന് ശേഷം ഏഴുമാസത്തിലധികമായി ചലനമറ്റ് കിടക്കുകയായിരുന്നു. കഴിഞ്ഞ മെയ് 14ന് കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. രാത്രി എട്ടുമണിയോടെ അനൂജയും ഭര്‍ത്താവ് അനുവും മകന്‍ അര്‍ജുനും കൊടകര കുഴിക്കാണിയില്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് അജ്ഞാത വാഹനം മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച് കടന്നുപോയത്.
സംഭവത്തില്‍ കൊടകര പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇടിച്ചവര്‍ ആരാണെന്നോ ഏതു വാഹനമാണെന്നോ പോലും അറിയാന്‍ നില്‍ക്കാതെ ഏഴു മാസത്തെ ചികിത്സക്കൊടുവിലാണ് അനുജ ഇന്നലെ വിടവാങ്ങിയത്.