വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്റെ മുന്നേറ്റം തുടരുന്നു. വിധി നിര്‍ണയിക്കുന്ന ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി.
സ്വിങ്ങ് സ്റ്റേറ്റുകളിലെ പ്രകടനമാകും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുക. സ്വിങ്ങ് സ്റ്റേറ്റുകളിലെ ട്രംപിന്റെ മുന്നേറ്റം വ്യക്തമായ തിരഞ്ഞെടുപ്പ് ഫലസൂചനകളാണെന്ന വിലയിരുത്തലും പുറത്ത് വന്നു കഴിഞ്ഞു. ഇതുവരെ പുറത്ത് വന്ന ഫലസൂചനകള്‍ പ്രകാരം 20 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുകയാണ്.
നോര്‍ത് കരോലൈന, ജോര്‍ജിയ സ്റ്റേറ്റുകളില്‍ വിജയം ഉറപ്പിച്ചു. ട്രംപിന് ഇതുവരെ 247 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചു. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസിന് 214 വോട്ടുകളാണ് ലഭിച്ചത്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷമാകും. ട്രംപ് ജയിക്കുമെന്നാണ് പുറത്തുവരുന്ന ഫലസൂചനകള്‍ നല്‍കുന്നത്.
ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക് പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. കമലക്ക് ജയിക്കണമെങ്കില്‍ പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ പിടിക്കണമായിരുന്നു. എന്നാല്‍, ഈ മൂന്നു സ്റ്റേറ്റുകളിലും ട്രംപ് മുന്നേറുകയാണ്.
2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.