തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന ‘കേരള സ്കൂള്‍ കായികമേള 24’ ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് ഈ പരാമര്‍ശം.
സ്കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഫലം ഉണ്ടായില്ല.
സാംസ്കാരിക പരിപാടി തടയാനും വളന്റിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും.കായികമേളയുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലായിരുന്നു ചിലരുടെ പ്രവൃത്തിയെന്നും മന്ത്രി പറഞ്ഞു.