തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് അനുമതി നിഷേധിച്ചതെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്ത്രീകളുടെ വിഷയം ചര്‍ച്ച ചെയ്യുന്നില്ലെന്ന് പറഞ്ഞാല്‍, അത് സഭക്ക് തന്നെയാണ് നാണക്കേടെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
അവതരണത്തിന് അനുമതിയില്ലെങ്കില്‍ എന്തിനാണ് ചോദ്യം അനുവദിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്ത് നിന്ന് കെ.കെ. രമയാണ് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്.
നിയമസഭ കൗരവസഭയായി മാറിയെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. സഭയില്‍ ചോദ്യം ചോദിക്കാന്‍ പോലും അനുവദിക്കില്ലെന്നും ചോദ്യത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു.