കൊച്ചി: കൊച്ചി വെണ്ണലയില്‍ മരിച്ച അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്നതില്‍ വ്യക്തത വരൂ.
പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. ‘യുവാവ് സ്ഥിരം മദ്യപാനിയാണ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇയാള്‍ സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടില്‍ നിന്ന് ബഹളവും കേട്ടിരുന്നു.’ നാട്ടുകാര്‍ പറയുന്നു.
അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനെ നല്‍കിയ മൊഴി.