ചെന്നൈ: പുതുതായി രൂപവത്കരിച്ച തമിഴക വെട്രി കഴകത്തിന്റെ -ടി.വി.കെ, പതാക പര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ് അവതരിപ്പിച്ചു. ചെന്നൈ പനയൂരിലുള്ള ടി.വി.കെ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന പതാകയില്‍ വാകപ്പൂവും രണ്ട് ആനയുമുണ്ട്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ താന്‍ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികള്‍ ചടങ്ങില്‍ പാര്‍ട്ടി പ്രതിജ്ഞ ചൊല്ലി. ”നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഞാന്‍ ഇല്ലാതാക്കും. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങള്‍ക്കും തുല്യത എന്ന തത്വം ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ആത്ഥാര്‍ഥമായി പ്രതിജ്ഞ ചെയ്യുന്നു.” – ഇതായിരുന്നു പാര്‍ട്ടി പ്രതിജ്ഞ.
”നിങ്ങള്‍ എല്ലാവരും നമ്മുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വൈകാതെ തീയതി പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാന്‍ ഇന്ന് നമ്മുടെ പാര്‍ട്ടിയുടെ പതാക അവതരിപ്പിക്കുകയാണ്. തമിഴ്‌നാടിന്റെ വികസനത്തിനായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇനി മുതല്‍ തമിഴ്‌നാട് മികച്ചതായിരിക്കും. വിജയം സുനിശ്ചിതമാണ്” -പരിപാടിക്കിടെ വിജയ് പറഞ്ഞു.