തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് പങ്കുണ്ടെന്ന് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയത്. പകല്‍ ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും രാത്രി പൂരമാണ് നിര്‍ത്തിയതെന്നും സുനില്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പൊലീസിന് കൃത്യവിലോമം സംഭവിച്ചിട്ടുണ്ടെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. പൂരം വിവാദത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നില്ല. ഈ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഉടന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം കലക്കിയതിന്റെ ഗുണഭോക്താക്കളാണ് അതിന് പിന്നില്‍. നേതൃത്വം കൊടുത്തത് ആരായാലും പുറത്തുവരണം. എ.ഡി.ജി.പി അജിത് കുമാറിന് പങ്കുണ്ടോ എന്ന് നേരിട്ടറിയില്ല. അന്‍വര്‍ പറഞ്ഞ വിവരമേ ഉള്ളൂ.
അതുവരെ പ്രശ്ങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയ പൂരത്തില്‍ ആരാണ് ലൈറ്റ് ഓഫാക്കാനും മേള നിര്‍ത്തിവെക്കാനും വെടിക്കെട്ട് അവസാനിപ്പിക്കാനും പറഞ്ഞതെന്ന് പുറത്ത് വരണമെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.