തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ജലവിതരണ സംവിധാനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിത്തുടങ്ങി. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ന് വൈകുന്നേരത്തോടെ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.
നാലുദിവസം നീണ്ടുനിന്ന അസാധാരണ പ്രതിസന്ധിയാണ് തിരുവനന്തപുരത്ത് ഉണ്ടായത്. കുടിവെള്ളമില്ലാത്തതിനാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയാണ്.
തിരുവനന്തപുരം കന്യാകുമാരി റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പ്രവൃത്തിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ പ്രവൃത്തി തീര്‍ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, നാല് ദിവസമായിട്ടും തീര്‍ന്നില്ല. നഗരസഭയിലെ 44 വാര്‍ഡുകളിലും കഴിഞ്ഞ നാലുദിവസവും വെള്ളം എത്തിയിരുന്നില്ല.