കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കാരിക്കാന്‍ 75,000 രൂപ ചെലവാക്കിയതായും ദുരന്ത ബാധിത പ്രദേശത്തേക്ക് വളണ്ടിയര്‍മാരെയും മറ്റും എത്തിക്കാന്‍ നാലു കോടി രൂപ ചെലവിട്ടതായുമാണ് കണക്കിലുള്ളത്. കോടികളുടെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന ആക്ഷേപം ഉയര്‍ന്നു.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ദുരന്ത പ്രദേശത്ത് ചെലവിട്ട തുകയുടെ കണക്കുകള്‍ അറിയിച്ചിട്ടുള്ളത്. സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി പത്ത് കോടി രൂപ ചെലവാക്കിയെന്നാണ് കണക്ക്. ഇവരുടെ താമസത്തിന് വേണ്ടി മാത്രം 15 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. ദുരന്തപ്രദേശമായ ചൂരല്‍മലയില്‍നിന്നും മുണ്ടക്കൈയില്‍നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ 12 കോടിരൂപ ചെലവാക്കി. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപ ചെലവായെന്നും കണക്കുകള്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് ടോര്‍ച്ച്, റെയിന്‍കോട്ട്, കുട, ബൂട്ട് തുടങ്ങിയവ നല്‍കുന്നതിനായി 2.98 കോടി രൂപ നല്‍കിയതായും കണക്കില്‍ പറയുന്നു. വളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി രണ്ട് കോടി രൂപയിലേറെ ചെലവാക്കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ക്യാമ്പുകളിലേക്ക് ഭക്ഷണചെലവിനായി എട്ട് കോടി രൂപ ചെലവാക്കിയെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നും ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങളും മറ്റും യഥേഷ്ടം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കെയാണ് സര്‍ക്കാരിന് ഇത്രയും തുക ചെലവായെന്ന കണക്ക്. പല ക്യാമ്പുകളിലും ഭക്ഷണം പൂര്‍ണമായും സന്നദ്ധ സംഘടനകളാണ് പാചകം ചെയ്ത് വിതരണം ചെയ്തിരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദുരിതാശ്വാസ ക്യാമ്പിലുള്ള ആളുകളുടെ വസ്ത്രത്തിനായി ചെലവഴിച്ച തുക സംബന്ധിച്ച കണക്കും അവിശ്വസനീയമാണെന്ന് ആക്ഷേപമുണ്ട്. 11 കോടി രൂപയാണ് വസ്ത്രത്തിനായി ചെലവാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നാലായിരത്തോളം പേരാണ് ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതായത്, ഒരാള്‍ക്ക് 30,000 രൂപയോളം ചെലവായെന്നാണ് കണക്കുകളില്‍ അവകാശപ്പെടുന്നത്. ആവശ്യത്തിലധികം വസ്ത്രങ്ങള്‍ ക്യാമ്പുകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍ക്കാര്‍ 11 കോടി ചെലവാക്കി വസ്ത്രം വാങ്ങിയെന്ന് പറയുന്നത്.
ക്യാമ്പുകളിലുള്ളവരുടെ ചികിത്സയ്ക്കായി എട്ട് കോടി ചെലവാക്കിയെന്നാണ് കണക്ക്. ചൂരല്‍മലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ മാത്രം മൂന്ന് കോടി രൂപയും ചെലവാക്കിയെന്ന് കണക്കില്‍ പറയുന്നു. 75,000 രൂപവെച്ച് 359 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ 2.76 കോടി രൂപ ചെലവ് വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കണക്കില്‍ പറയുന്നു.