കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍, ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട കരട് പട്ടികയില്‍ പിഴവെന്ന് ആരോപണം. പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും പല പേരുകളിലും ഇരട്ടിപ്പ് ഉണ്ടെന്നും ആരോപിച്ചാണ് ജനകീയ സമര സമിതി പ്രതിഷേധിക്കുന്നത്.
ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. ഒരു വാര്‍ഡില്‍ മാത്രം നിരവധി പേരുകള്‍ ഇരട്ടിച്ചുവെന്നും ആരോപണമുണ്ട്. അതോടൊപ്പം പൂര്‍ണമായി തകര്‍ന്ന വീടുകളുടെ ലിസ്റ്റ് ആണ് പട്ടികയില്‍ ആദ്യം വരികയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തകരാത്ത വീടുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപിച്ച് പ്രതിഷേധം ഉയരുന്നുണ്ട്.
388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നില്‍ സമര സമിതി പ്രതിഷേധിച്ചു.
ഞങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റ് പഞ്ചായത്തിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ആ ലിസ്റ്റ് തള്ളപ്പെടുകയാണ് ഉണ്ടായത്. അതിന്റെ കാരണമെന്താണെന്ന് അറിയണം. 70 പേരുകളിലാണ് ഇരട്ടിപ്പ് ഉണ്ടായിരിക്കുന്നത്. ഇത് അലംഭാവമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.