Australian Malayalee News ->
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയെ കാര്യമായി ബാധിക്കുന്ന കാര്യമാണ്.
വിക്ടോറിയൻ സമയം ബുധനാഴ്ച അർധരാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. വിവിധ അഗ്നിശമനാ വിഭാഗത്തിന്റെ സഹകരണത്തോടെ തീയനാക്കുവാനുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണെന്നും, ജനങ്ങൾ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് ചീഫ് ഫയർ ഓഫീസർ മിക്ക് മക്ഗിന്നസ് അറിയിച്ചു.
120000 ബാരൽ ഇന്ധനം ദിനംപ്രതി ഉല്പാദിപ്പിക്കുന്ന പ്ലാന്റിൽ നിന്നുള്ള പെട്രോളും, ഡീസലും, രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ 10%തിലധികവും, വിക്ടോറിയയിലെ 50% തിലധികവും വരുമെന്നതും ആശങ്ക വർധിപ്പിക്കുവാൻ ഇടയാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലങ്ങോളമിങ്ങോളമുള്ള 1300 ഓളം ഷെൽ പെട്രോൾ പമ്പുകളിൽ ഇന്ധനമെത്തിച്ചിരുന്നത് ഈ സംസ്കരണകേന്ദ്രത്തിൽ നിന്നാണ്.
തീപിടിച്ച യൂണിറ്റുകളിൽ നിന്നും എൽപിജി വാതകങ്ങൾ ഗ്യാസോലിൻ ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് നടന്നുവരുന്നതെന്ന് റിഫൈനറി മാനേജർ ബിൽ പാറ്റേഴ്‌സാണ് അറിയിച്ചു. മിഡിലീസ്റ്റ് മേഖലയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനമുള്ള ഇന്ധനക്ഷാമത്തിന്റെ സമയത്തുതന്നെ എണ്ണ ശുദ്ധീകരണശാലയിലുണ്ടായ ഈ തീപിടുത്തം ഓസ്‌ട്രേലിയക്കുണ്ടാക്കുന്ന നഷ്ടം ചെറുതായിരിക്കില്ലെന്നും വൺ നേഷൻ പാർട്ടി നേതാവ് പോളിങ് ഹാൻസൺ സൂചിപ്പിച്ചു.